Our Values

നിന്നെപ്പോലെ
നിന്‍റെ അയല്‍ക്കാരനെ
സ്നേഹിക്കുവിന്‍, എളിവയരോട്
കരുണകാണിക്കുവിന്‍

Join with Us

വറതച്ചന്‍
ചാരിറ്റബിള്‍ ട്രസ്റ്റ്

Reg No : IV/108/1998
A/c. No. 0335/00124710/190001
CSB Ltd., Mallad.

Our Mission

രോഗികള്‍ക്ക് വൈദ്യസഹായം
പാവങ്ങള്‍ക്ക് വിവാഹസഹായം
നിരാശ്രയര്‍ക്ക്
ഭവനിര്‍മ്മാണ സഹായം

വറതച്ചൻ

History (ജീവചരിത്രം)

തൃശ്ശൂർ അതിരൂപതയിൽപ്പെട്ട, കോട്ടപ്പടി ഇടവകയിലെ, കാവീട് എന്ന സ്ഥലത്ത് ചുങ്കത്ത് പാറേക്കാട്ട് ചാക്കു (കുഞ്ഞിപ്പാലു) വിന്റെയും മറിയത്തിന്റെയും രണ്ടാമത്തെ മകനായി 1814 ഡിസംബർ 13 -)0 തിയ്യതി പുണ്യശ്ലോകനായ വറതച്ചൻ ഭൂജാതനായി. ജ്ഞാനസ്നാന വേളയിൽ അപ്പാപ്പന്റെ പേരായ 'വറീത് 'എന്ന് നാമകരണം ചെയ്തു.

കുടുംബചരിത്രം

ഏകദേശം 1 7-)0 നൂറ്റാണ്ടിന്റെ അവസാനത്തോടെ കോട്ടപ്പടി ഇടവകയുടെ ഭാഗമായിരുന്ന കാവീട് പ്രദേശത്ത് , പുന്നത്തൂർ കോവിലകത്ത് നിന്ന് ഒരു തമ്പുരാട്ടി പടിഞ്ഞാറോട്ട് നീങ്ങി , കാരയൂർ 'കണ്ട്റാമത്തെ ' പറമ്പിൽ ഒരു വീട് പണിത് അങ്ങോട്ടേക്ക് താമസം മാറ്റി. തമ്പുരാട്ടിയുടെ വിശ്വസ്തനായ ലാസർ എന്ന് പേരുള്ള ചുങ്കത്ത് തറവാട്ടുക്കാരൻ കോട്ടപ്പടി അങ്ങാടിയിൽ താമസിച്ചിരുന്നു. തമ്പുരാട്ടി ലാസറിനെ 'കണ്ട്റാമത്തെ ' കോവിലകത്തിന്റെ പടിഞ്ഞാറുള്ള കാവീട് ദേശത്ത് പാറേക്കാട്ട് പറമ്പിൽ താമസിപ്പിച്ചു. ഇപ്പോഴത്തെ 'പനാമ ' റോഡിന്റെ ആരംഭത്തിൽ കിഴക്കോട്ട് മാറിയാണ് ഈ പറമ്പ് സ്ഥിതി ചെയ്തിരുന്നത് . വറതച്ചന്റെ രണ്ട് തലമുറ മുൻപായിരുന്നു ഇത് സംഭവിച്ചത്. ഗ്രാമപ്രദേശത്ത് താമസമാക്കിയ ലാസർ കൃഷിപ്പണി ചെയ്താണ് ജീവിതം നയിച്ച് പോന്നിരുന്നത്. അദ്ദേഹത്തിന്റെ പിൻതലമുറക്കാരും കർഷകരായിരുന്നു. അവർക്ക് സ്വന്തമായി പറമ്പുകളും അതിൽ കുടിയാന്മാരും കൃഷി ചെയ്യാൻ നെൽപാടങ്ങളും ഉണ്ടായിരുന്നു. മറ്റുള്ള ചുങ്കത്ത് വീട്ടുക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു മേൽവിലാസം തങ്ങൾക്ക് വേണമെന്ന് ഈ കാരണവന്മാർ ആഗ്രഹിച്ചു. അങ്ങനെ അവർ 'ചുങ്കത്ത് പാറേക്കാട്ട്' എന്ന കുടുംബനാമം സ്വീകരിച്ചു .

ബാല്യകാല വിദ്യാഭ്യാസം

വറീത് എല്ലാവരുടെയും കണ്ണിലുണ്ണിയായി ബുദ്ധി സാമർഥ്യത്തോടെ വളർന്ന് വന്നു. പള്ളികൂടങ്ങൾ ദുർലഭമായിരുന്നത്കൊണ്ട് ഏഴ് വയസ്സുവരെ അമ്മ കൊച്ചുമകനെ നമസ്കാരങ്ങളും ചെറിയ ഗുണപാഠകഥകളും പഠിപ്പിച്ചു. അക്കാലത്ത് ഏതെങ്കിലും ഒരു സമ്പന്നന്റെ വീട്ടിൽ നാട്ടെഴുത്താശ്ശാന്മാരുടെ കീഴിൽ ഏതാനും കുട്ടികൾ മണ്ണിൽ നിലത്തെഴുത്ത് പഠിച്ച് വന്നിരുന്ന ചെറിയ കളരികളാണ് ഗ്രാമപ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്നത്. ഇപ്രകാരം ഒരു കളരിയിൽ വറീതിനെ കൊണ്ട് ചെന്ന് ആശാനെ ഏൽപിച്ചു. കുട്ടിയുടെ ബുദ്ധി സാമർഥ്യം കണ്ടറിഞ്ഞു ആശാൻ മറ്റ് കുട്ടികളെ നിയന്ത്രിക്കാനും പഠിപ്പിക്കാനും വറീതിനെ നിയോഗിക്കാറുണ്ടായിരുന്നു. തുടർന്ന് പഠിക്കാൻ സൗകര്യവും സാമ്പത്തികശേഷിയും ഇല്ലാതിരുന്നതിനാൽ മാതാപിതാക്കൾക്ക് വലിയ സങ്കടമായിരുന്നു. കുശാഗ്രബുദ്ധിമാനായ കുട്ടി പള്ളി പ്രസംഗം , ധ്യാനപ്രസംഗം എന്നിവയിൽ നിന്ന് കേട്ട ചിന്തകളും വിശുദ്ധഗ്രന്ഥത്തിലെ അന്യാപദേശകഥകളും ക്ഷണത്തിൽ ഹൃദ്യസ്ഥമാക്കി. അക്ഷരജ്ഞാനത്തേക്കാൾ വറീത് ദൈവികജ്ഞാനത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. ചെറുപ്പത്തിൽ തന്നെ പകൽ സമയങ്ങളിൽ തൊട്ടടുത്തുള്ള ദരിദ്രരും രോഗികളുമായ കീഴ്ജാതിക്കാരുടെ ഭാവനങ്ങൾ സന്ദർശിക്കുകയും അവിടത്തെ കുട്ടിക്കളോടൊത്ത് കളിക്കുകയും അവരോടൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. കുടിപ്പള്ളിക്കൂടത്തിൽ നിന്നും അവനു ലഭിച്ച അറിവുകൾ അവനോടൊപ്പം നടന്നിരുന്ന കീഴ്ജാതിക്കാരായ കുട്ടികൾക്കും പകർന്നു കൊടുക്കുന്നതിൽ വറീതിന് വലിയ താല്പര്യമായിരുന്നു. വറീതിന് വൈദികനാകാനായിരുന്നു ആഗ്രഹം. ഇക്കാര്യം അന്നത്തെ പള്ളി വികാരിയുമായി സംസാരിച്ചു. ഇളയച്ചന്റെ സാമ്പത്തിക സഹായത്തോടെ കൽപറമ്പ് സെമിനാരിയിലെ മൽപാന്റെ പക്കൽ വറീതിനെ കൊണ്ട് ചെന്നാക്കി. അവിടെ കുറച്ച്ക്കാലം നിന്നപ്പോൾ വറീത് നാടിനെയും അവിടത്തെ ദരിദ്രരും നിരാലംബരും രോഗികളുമായ തന്റെ ദേശവാസികളെയും കുറിച്ചോർക്കുകയും സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുകയും ചെയ്തു. ഏതാനും വർഷങ്ങൾ നാട്ടിൽ പാവങ്ങളെ സേവിച്ചും അവർക്കുവേണ്ടി പ്രാർത്ഥിച്ചും ചിലവഴിച്ചു.

വൈദിക വിദ്യാഭാസം

വറീത് അന്ന് കൂനമ്മാവിലുണ്ടായിരുന്ന വൈദിക സെമിനാരിയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. 1866 ൽ സുറിയാനി സെമിനാരി വരാപ്പുഴ പുത്തൻപള്ളിയിൽ സ്ഥപിതമായപ്പോൾ അവിടെ വൈദികപഠനം തുടർന്നു. 1870 ൽ ബഹു.വറതച്ചൻ ഗുരുപ്പട്ടം സ്വീകരിച്ചു. അച്ചന്റെ ഔദ്യോഗിക നാമം അരമന രേഖകളിൽ, മലയാളത്തിൽ ചുങ്കത്ത് ഗീർവർഗീസ് കത്തനാരെന്നും ഇംഗ്ലീഷിൽ ചുങ്കത്ത് ജോർജ് എന്നുമായിരുന്നു. ബഹു.വറതച്ചൻ സ്വന്തം നാട്ടിൽ തിരിച്ചെത്തിയത് ദാരിദ്ര്യം വ്രതമായി സ്വീകരിച്ച് കൊണ്ടായിരുന്നു. ലളിതമായ വസ്ത്രധാരണവും ദരിദ്രമായ ജീവിതവും അദ്ദേഹത്തെ പാവപ്പെട്ടവരോട് കൂടുതൽ അടുപ്പിച്ചു. അയൽക്കാരുടെയും ചുറ്റുമുള്ള എല്ലാ ജാതിയിൽപ്പെട്ടവരുടെയും പ്രിയപ്പെട്ട വറതച്ചനായി.

സേവനം ചെയ്ത ഇടവകകൾ

തൃശ്ശൂർ അരമനയിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരവും അതത് പള്ളികളിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലും ആർത്താറ്റ് ,കോട്ടപ്പടി, പറപ്പൂക്കര, ഏനാമാക്കൽ, മുണ്ടൂർ, പറപ്പൂർ, വലപ്പാട്, പാവറട്ടി, ചിറ്റാട്ടുക്കര, കണ്ടശ്ശാ൦കടവ്, ചിറളയം, വൈലത്തൂർ , എരനെല്ലൂർ എന്നീ ഇടകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്..

പ്രവർത്തനങ്ങൾ

സാമുദായിക ഉച്ചനീചത്വങ്ങളും സാമൂഹിക അസമത്വങ്ങളും അദ്ദേഹത്തിന്റെ മനസ്സിനെ മുറിപ്പെടുത്തിയിരുന്നു.ഇതിനെതിരെ നിശ്ചയദാർഢ്യത്തോടെ പൊരുത്തനാണ് ബഹു.വറ തച്ചൻ ഇടവക ശുശ്രൂഷക്കായി ഒരുങ്ങിയത്.ഉള്ളവന്റെ പക്കൽ നിന്ന് വാങ്ങി ഇല്ലാത്തവന് കൊടുക്കുവാനുള്ള ആത്മധൈര്യം അദ്ദേഹം കൈവരിച്ചു.പട്ടിണിയിൽ വലയുന്നവരിലും രോഗങ്ങളാൽ വിഷമിക്കുന്നവരിലും ക്രിസ്തുവിനെ കാണുവാൻ അദ്ദേഹം ആഗ്രഹിച്ചു.ഏറ്റവും നിർധനരായ വിശ്വാസികൾക്ക് തിരുകർമ്മാദികൾക്ക് കൊടുക്കേണ്ട പള്ളി വിഹിതം അദ്ദേഹം ഉപേക്ഷിച്ചിരുന്നു.സ്വന്തം സമ്പാദ്യം പോലും സാധുക്കൾക്ക് വിതരണം ചെയ്തു.ശവമഞ്ചത്തിന് വഴിക്കാല് ചൊല്ലുക, അടിയന്തിരം കഴിക്കുക, കെട്ടുകുറി കൊടുക്കുക, മറ്റു തിരുകർമ്മങ്ങൾ നടത്തുക മുതലായവയ്ക്ക് അനുവദിച്ച സംഖ്യ നിർധനർക്ക് ഭാഗികമായോ മുഴുവനുമായോ അദ്ദേഹം വിട്ട് കൊടുത്തിരുന്നു. കുടുംബ സന്ദർശനം ബഹു.വറതച്ചന്റെ ഇടവക ഭരണത്തിലെ ഒരു പ്രധാന ഭാഗമായിരുന്നു. നിത്യവും ഇടവക പള്ളിയിലെ തിരുകർമ്മങ്ങൾക്ക് ശേഷം പരിസര പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കുമായിരുന്നു. സമ്പന്നരുടെ ഭാവനങ്ങളിൽ കയറിച്ചെന്ന് ദാനമായി ചോദിച്ച് വാങ്ങുന്നത് പിന്നീട് പാവങ്ങൾക്കിടയിൽ വിതരണം ചെയ്യും. പല സമ്പന്ന ഗൃഹങ്ങളിലും ബഹു.വറതച്ചന് നല്ല സ്വാധീനം ഉണ്ടായിരുന്നു. ജാതിയോ മതമോ നോക്കാതെ ഏത് കുടിലിലും അച്ചൻ കയറി ചെല്ലും. അവരുടെ ദുഃഖങ്ങൾ കേൾക്കുക മാത്രമല്ല അവരോടൊപ്പം ഭക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. തന്നെ ആര്സമീപിച്ചാലും കയ്യിലുള്ളത് ഉടൻ നൽകും. അലസന്മാരും കള്ളന്മാർ പോലും അദ്ദേഹത്തിൽനിന്ന് പങ്കുപറ്റിയിരുന്നു. ബഹു.വറതച്ചനെ സമീപിച്ചാൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ടായിരുന്നു. ഗൃഹസന്ദർശനങ്ങളിലൂടെ ഇടവകയിലെ വീട്ടിലും നാട്ടിലുമുള്ള വഴക്കുകളും ശത്രുതകളുമൊക്കെ അച്ചന് അറിയാമായിരുന്നു. കുടുംബ വഴക്കുകൾ, കരാറുകാർ തമ്മിലുള്ള വഴക്കുകൾ, കക്ഷി തിരിഞ്ഞു നടത്തിയിരുന്ന വഴക്കുകൾ എന്നിവയിലെല്ലാം കക്ഷികളെ പള്ളിയിൽ വിളിച്ചു വരുത്തി നീതി-ന്യായങ്ങൾ മനസ്സിലാക്കി തക്കതായ തീർപ്പ് കല്പിച്ചിരുന്നു. ദൈവം തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുന്ന വരങ്ങളായ പ്രവചനവരം, രോഗശാന്തിവരം, ഉപദ്രവക്കാരികളായ മൃഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനുള്ള വരം, ദുഷ്ടാത്മക്കളെ വിലക്കുവാനുള്ള വരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇടവക ഭരണത്തോടൊപ്പം ഇത്തരം പ്രവർത്തനങ്ങളും അദ്ദേഹം നടത്തി പോന്നു. അതിലൊന്നാണ് നെൽകൃഷിയെ ബാധിക്കുന്ന ചാഴികളെ വില ക്കുന്നതിന് ബഹു.വറതച്ചനുണ്ടായിരുന്ന പ്രത്യേക കഴിവ്. ദൂരദേശങ്ങളിൽ നിന്ന് പോലും ആളുകൾ വന്ന് അച്ചനെ മേൽ പറഞ്ഞ ആവശ്യങ്ങൾക്കായി കൂട്ടിക്കൊണ്ട് പോകുമായിരുന്നു. നിത്യ സഞ്ചാരിയായ ബഹു.വറതച്ചൻ യാതൊരു വിധ സാധനങ്ങളും ഉപയോഗിച്ചിരുന്നില്ല. സ്വന്തമായി ഒരു നല്ല ഉടുപ്പ് പോലും അച്ചന് ഉണ്ടായിരുന്നില്ല. പല രോഗങ്ങളും അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ മാറിയിട്ടുണ്ട്. കാർഷികവിളകളെ നശിപ്പിച്ചിരുന്ന കീടങ്ങളെ തന്റെ അലാഹയുടെ നമസ്ക്കാരം കൊണ്ട് ആട്ടിപ്പായിക്കുന്നത് അത്ഭുതത്തോടെ അക്കാലത്തെ ജനങ്ങൾ നോക്കി കണ്ടു. അഗാധമായ ബൈബിൾ വായനയും രാത്രിക്കാലങ്ങളിലെ മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകിയിരുന്നത്. ബഹു.വറതച്ചൻ വാർദ്ധക്യകാലത്ത് കോട്ടപ്പടി ഇടവകയിലാണ് സേവനം ചെയ്തത്. രണ്ട് വർഷത്തോളം പൂർണ്ണ രോഗിയായി ബന്ധുക്കളുടെ പരിചരണത്തിൽ കാവീടുള്ള തറവാട്ട് ഭവനത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1914 ജൂൺ 8 ന് 74 -)0 വയസ്സിൽ അദ്ദേഹം ദിവംഗതനായി. കോട്ടപ്പടി പഴയ പള്ളിയുടെ അൾത്താരക്ക് മുന്നിലാണ് ബഹു.വറതച്ചൻ അന്ത്യവിശ്രമം കൊള്ളുന്ന കബറിടം സ്ഥിതി ചെയ്യുന്നത്.

.© Copyright 2017. All Rights Reserved.